പാലക്കാട്: താരേക്കാട് മോയൻസ് സ്കൂളിൽനിന്നും വെറ്ററിനറി ആശുപത്രി വഴി മുൻസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന റോഡരികിലെ ഫുട്പാത്തിലെ സ്ലാബുകൾ ഒടിഞ്ഞുവീണ് അപകടാവസ്ഥ. പൊന്തക്കാടുകൾ വളർന്നുനിൽക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തിലധികമായിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന പരാതി ശക്തമായിരിക്കുകയാണ്.
സ്കൂൾ വിട്ടാൽ ബസ് കിട്ടാൻ ധൃതിയിൽ ഓടുന്ന വിദ്യാർഥിനികള്‍ക്കും താരേക്കാട് സ്റ്റോപ്പിൽ ബസിറങ്ങി മുൻസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് പോകുന്നവര്‍ക്കും ഈ വഴിയിലെ ഫുട്പാത്ത് അപകടകരമാണ്. എത്രയും വേഗം സ്ലാബുകൾ ശരിയാക്കി യാത്രാസൗകര്യം ഒരുക്കാൻ നഗരസഭ നടപടിയെടുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.